തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ഇൻഡി സഖ്യം. തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 22 എണ്ണത്തിൽ ഡിഎംകെ മത്സരിക്കും. ഇതിൽ ഒരു സീറ്റിൽ ഡിഎംകെയുടെ ചിഹ്നത്തിൽ കെഡിഎംകെയാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റ് ഉൾപ്പെടെ 10 ഇടങ്ങളിലാണ് കോൺഗ്രസ് ജനവിധി തേടുക. എന്നാൽ, സിറ്റിംഗ് മണ്ഡലമായ തിരുച്ചിറപ്പള്ളി കോൺഗ്രസിന് നിലനിർത്താനായില്ല. തിരുച്ചിറപ്പള്ളി സീറ്റ് ഇത്തവണ വൈക്കോയുടെ എംഡിഎംകെയ്ക്കാണ് നൽകിയിരിക്കുന്നത്.
സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ രണ്ട് സീറ്റുകളിൽ വീതം മത്സരിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനും എംഡിഎംകെയ്ക്കും ഓരോ സീറ്റാണ് അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവള്ളൂർ, കൃഷ്ണഗിരി, കരൂർ, കടലൂർ, മയിലാടുതുറൈ, ശിവഗംഗ, വിരുദുനഗർ, തിരുനൽവേലി, കന്യാകുമാരി എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് ജനവിധി തേടുക.
മധുര, ഡിണ്ടിഗൽ എന്നീ ലോക്സഭാ സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ, തിരുപ്പൂരിലും സംവരണ മണ്ഡലമായ നാഗപ്പട്ടണത്തിലും മത്സരിക്കും. രാമനാഥപുരമാണ് മുസ്ലിം ലീഗിന് അനുവദിച്ചിരിക്കുന്ന മണ്ഡലം. പാർട്ടി ശക്തി കേന്ദ്രമായ ചെന്നൈയിലെ മൂന്ന് മണ്ഡലങ്ങളിലും ഡിഎംകെ സ്ഥാനാർത്ഥികൾ മത്സരിക്കും.
കോയമ്പത്തൂർ ലോക്സഭാ സീറ്റ് സിപിഎമ്മിൽ നിന്ന് സ്റ്റാലിന്റെ പാർട്ടി ഏറ്റെടുത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഡിഎംകെ ഇങ്ങനെയൊരു നീക്കം നടത്തിയത്.
സേലം, ഇറോഡ്, ധർമ്മപുരി എന്നീ സീറ്റുകളിലും ഡിഎംകെ സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39ൽ 38 സീറ്റും ഡിഎംകെ സഖ്യം തൂത്തുവാരിയിരുന്നു. എഐഎഡിഎംകെ സഖ്യത്തിന് കേവലം ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
Discussion about this post