ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ വൈകാതെ സാധ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 2026 ഓടെ സ്വപ്‌നം പൂവണിയുമെന്നും 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലൂടെയാകും ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ഉദ്ഘാടന സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2028ൽ പദ്ധതി പ്രകാരമുള്ള പാതയുടെ നിർമാണം പൂർണമാകുമെന്നും മന്ത്രി അറിയിച്ചു.ബുള്ളറ്റ് ട്രെയിൻ കടലിനടിയിലൂടെയും കടന്നുപോകും. കടൽ തുരങ്കത്തിലൂടെ താനെയിൽ നിന്ന് മുംബൈയിലെത്തും. കടൽ തുരങ്കത്തിന്റെ പണി ആരംഭിച്ചുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എച്ച്.എസ്.ആർ.സി.എൽ) നേതൃത്വത്തിലുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകളിൽ നിന്ന് 5,000 കോടി രൂപ വീതവുമാണ് പദ്ധതി ചെലവിനായി വകയിരുത്തിയിട്ടുള്ളത്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ നിന്ന് ബാക്കി തുക വായ്പയായി സ്വീകരിക്കും.ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യയാണ് ബുള്ളറ്റ് ട്രെയിൻ സർവ്വീസിന് ഉപയോഗിക്കുന്നത്. 2050 ഓടെ നൂറോളം ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. ഈ സർവീസുകൾ ലക്ഷ്യമാക്കി ജപ്പാനിൽ നിന്ന് കൂടുതൽ ബുള്ളറ്റ് ട്രെയിൻ വാങ്ങാനും തീരുമാനിച്ചിരുന്നു.
ലിമിറ്റഡ് സ്റ്റോപ്പ്, ഓൾ സ്റ്റോപ്പ് എന്നീ രണ്ടുതരത്തിലുള്ള സർവീസുകളാകും ഉണ്ടാകുക. ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിനുകൾ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം രണ്ട് മണിക്കൂറിനുള്ളിൽ മറികടക്കും. മറ്റ് സർവീസുകൾക്ക് ഏകദേശം 2 മണിക്കൂറും 45 മിനിറ്റും ആവശ്യമായി വരും. ഓരോ ദിശയിലും പ്രതിദിനം 35 ട്രെയിനുകൾ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ ചിരകാല സ്വപ്‌നമായ ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ വലിയരീതിയിലുള്ള വികസനമാണ് രാജ്യത്ത്ത നടപ്പിലാകുന്നത്.
Discussion about this post