ചണ്ഡീഗഡ് : പഞ്ചാബിൽ ശിരോമണി അകാലിദൾ ബിജെപിക്ക് ഒപ്പം ചേരുമെന്ന് സൂചന. അടുത്ത ദിവസം തന്നെ ഇരു പാർട്ടി നേതാക്കളും ചേർന്ന് ഈ കാര്യം പ്രഖ്യാപിക്കുന്നതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാക്കൾ ചർച്ച നടത്തിയതിനെ തുടർന്നാണ് സഖ്യ കാര്യത്തിൽ തീരുമാനമെടുത്തിട്ടുള്ളത്.
ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയതായി കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. സമാന ചിന്താഗതിക്കാരായ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒന്നിച്ചു നിന്ന് പോരാടാനാണ് ഇരു പാർട്ടികളുടെയും തീരുമാനമെന്നാണ് സൂചന.
നേരത്തെ പഞ്ചാബിൽ ബിജെപിയും ശിരോമണി അകാലിദളും തമ്മിൽ സഖ്യം ഉണ്ടായിരുന്നെങ്കിലും 2020ലെ കർഷക സമരത്തെ തുടർന്നാണ് സഖ്യം പിരിയുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ശിരോമണി അകാലിദൾ താല്പര്യപ്പെടുന്നത് എന്നാണ് സംസ്ഥാന നേതാക്കൾ വ്യക്തമാക്കുന്നത്.
Discussion about this post