ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ദില്ലി മദ്യനയ കേസിൽ അറസ്റ്റിൽ. മണിക്കൂറുകളായി നടക്കുന്ന ചോദ്യം ചെയ്യലിൽ അരവിന്ദ് കെജ്രിവാൾ സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് . ചോദ്യം ചെയ്യലിന് പിന്നാലെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കെജ്രിവാളിന്‍റെ അറസ്റ്റ് ഇപ്പോൾ തടയില്ലെന്ന് ഉച്ചക്ക് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകൾക്കകം ഇ ഡി സംഘം കെജ്രിവാളിന്‍റെ വീട്ടിലെത്തുകയായിരിന്നു. 12 ഇ ഡി ഉദ്യോഗസ്ഥരാണ് കെജ്രിവാളിന്റെ വസതിയിൽ എത്തിയത്. അതെ സമയം നാടകീയ രംഗങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നും ഭരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.
കേസിന്റെ നാൾ വഴികൾ നോക്കുകയാണെങ്കിൽ അടുത്ത മൂനോ നാലോ ദിവസങ്ങൾക്കിടയിൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്നാണ് വ്യക്തമാകുന്നത്. അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭയിലെ രണ്ടാമനായ മനീഷ് സിസോദിയ നിലവിൽ ഏതാനും മാസങ്ങളായി ജയിലിലാണ്. കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയത്തിൽ പങ്കാളിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബി ആർ എസ് നേതാവ് കെ കവിത അറസ്റിലായത്.
അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി നിയമനടപടികളുമായി സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല. നേരത്തെ മനീഷ് സിസോദിയയുടെ കാര്യത്തിൽ തെളിവുകൾ പര്യാപ്തം ആയത് കൊണ്ട് അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. സമാനമായ കേസ് ആയതു കൊണ്ടും അഴിമതി കേസ് ആയത് കൊണ്ടും അടിയന്തരമായ എന്തെങ്കിലും നടപടികൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും വരുക എന്നത് അത്യന്തം അസാധാരണമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post