മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ കേരളം വിദര്‍ഭയെ രണ്ട് വിക്കറ്റിന് തോല്പിച്ചു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
നിയാസ് നിസാറും (നാലോവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ്) മനു കൃഷ്ണനും (നാലോവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ്) ഫാബിദ് അഹ്മദും (മൂന്നോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റ്) ചേര്‍ന്ന് വിദര്‍ഭ ബാറ്റിങ് നിരയെ ഒതുക്കി. ആദ്യ ഇന്നിങ്സ് 19.3 ഓവറില്‍ 105 റണ്‍സില്‍ അവസാനിച്ചു.
ഓരോ വിക്കറ്റ് നേടിയ സന്ദീപ് വാര്യരും പ്രശാന്ത് പരമേശ്വരനുമാണ് കേരളത്തിനായി വിക്കറ്റ് വേട്ട നടത്തിയ മറ്റുള്ളവര്‍. രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത രോഹന് പ്രേമും മികച്ച ബൗളിങ് കാഴ്ചവെച്ചു. യു ആര് പട്ടേല്‍ (28), ഫസല്‍ (18), ഗണേശ് സതീഷ് (18) എന്നിവര്‍ക്ക് മാത്രമേ വിദര്‍ഭ നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണെ (0) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നീട് നിഖിലേഷ് സുരേന്ദ്രനും (19 പന്തില്‍ 21) രോഹന് പ്രേമും (34 പന്തില്‍ 34) ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു.
Discussion about this post