ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കും. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു ഇന്നലെ രാത്രി വൈകിയോടെ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽനിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് ഇഡി സംഘം കെജ്രിവാളിന്റെ വസതിയിലെത്തിയത്.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇതിനിടെ, അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അടിയന്തരമായി വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പലതവണ കെജ്രിവാളിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡിയുടെ വാദം. 2021-22-ലെ മദ്യനയത്തിന്റെ രൂപീകരണ സമയത്ത് കേസിലെ പ്രതികൾ കെജ്രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഇൻ-ചാർജ് വിജയ് നായർ, ചില മദ്യവ്യവസായികൾ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
തെലങ്കാനയിലെ ബിആർഎസ് നേതാവും മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയേയും കഴിഞ്ഞയാഴ്ച ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post