തൃശ്ശൂർ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃശ്ശൂരിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും അപ്രതീക്ഷിതമായിരുന്നു മുഖ്യമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎം നേതാക്കളുമായാണ് മുഖ്യമന്ത്രി തൃശ്ശൂരിൽ ചർച്ച നടത്തിയത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ ഇ ഡി അടുത്തഘട്ടം ചോദ്യം ചെയ്യലിന് വിളിക്കാനിരിക്കുകയാണ്. ഡൽഹിയിൽ കെജ്രിവാളിന്റെ അറസ്റ്റ് നടന്നതോടെ കരുവന്നൂർ തട്ടിപ്പ് കേസിന്റെ കാര്യത്തിൽ തൃശ്ശൂരിലെ സിപിഐഎം നേതൃത്വത്തിന് ആശങ്കയുണ്ട്. സിപിഐഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ, മുൻ ആലത്തൂർ എം പി പി കെ ബിജു, സിപിഎം നേതാക്കളായ എം കെ കണ്ണൻ, എം എം വർഗീസ് എന്നിവരുമായാണ് തൃശ്ശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്.
കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു മുഖ്യമന്ത്രി അപ്രതീക്ഷിതമായി തൃശ്ശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏതാനും സിപിഐഎം നേതാക്കളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും എന്നാണ് സൂചന. എന്നാൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായുള്ള സന്ദർശനമാണ് മുഖ്യമന്ത്രി നടത്തിയത് എന്നാണ് സിപിഐഎം നേതാക്കൾ അറിയിക്കുന്നത്.
Discussion about this post