ഭുവനേശ്വർ : ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. നവീൻ പട്നായിക്കിന്റെ ബിജു ജനതാദളുമായി എൻഡിഎ സഖ്യം ഉണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ബിജെപി നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്. 1998 മുതൽ 2009 വരെ എൻഡിഎയുടെ ഭാഗമായിരുന്ന ബിജു ജനതാദൾ വീണ്ടും എൻഡിഎ യിലേക്ക് എത്തും എന്നുള്ള രീതിയിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒഡീഷയിലെ 21 ലോക്സഭാ സീറ്റുകളിലും നിയമസഭാ തിരഞ്ഞെടുപ്പിൽ 147 നിയമസഭ സീറ്റുകളിലും ബിജെപി ഒറ്റയ്ക്കായിരിക്കും മത്സരിക്കുക എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി നവീൻ പട്നായിക് കേന്ദ്രസർക്കാരിനെ പലതരത്തിലും പിന്തുണയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും മൻമോഹൻ സമൽ വ്യക്തമാക്കി.
ഒഡീഷയിലെ ജനങ്ങളുടെ താൽപര്യം നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിന് എതിരാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. പല കേന്ദ്രസർക്കാർ പദ്ധതികളും ഒഡീഷയിൽ കൃത്യമായി എത്തിക്കാൻ ബിജു ജനതാദളിന് കഴിഞ്ഞിട്ടില്ല. ഒഡീഷയിലെ സാധാരണക്കാരായ ജനങ്ങൾക്ക് കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്നുമുള്ള ആനുകൂല്യമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. ഇക്കാര്യങ്ങളാൽ ബിജു ജനതാദളിനെതിരെ ഒഡീഷയിലെ ജനങ്ങൾക്കിടയിൽ അസ്വാരസ്യം ഉണ്ടെന്നാണ് ബിജെപി അഭിപ്രായപ്പെടുന്നത്.
Discussion about this post