തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭയന്നോടിയ നിരവധി പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആന ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ ആനയെയും കുത്തിപ്പരിക്കേൽപ്പിച്ചു.
പൂരത്തിന്റെ ഭാഗമായുള്ള ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ ആണ് ഇടഞ്ഞത്. വിരണ്ടോടിയ ആന പാപ്പാൻ ശ്രീകുമാറിനെ ആക്രമിക്കാൻ ശ്രമിച്ചു. നിരവധി തവണ ആന പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും ശ്രീകുമാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം സമീപത്ത് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയിരുന്ന പുതുപ്പള്ളി അർജുനൻ എന്ന ആനയ്ക്ക് നേരെ തിരിഞ്ഞു. അർജുനനെ കുത്തിയതോടെ ആനകൾ തമ്മിൽ പരസ്പരം കൊമ്പ് കോർത്തു. ഇതിനിടെ അർജുനന്റെ മുകളിൽ ഉണ്ടായിരുന്നവർ നിലത്ത് വീണു.
രവികൃഷ്ണന്റെ ആക്രമണത്തിൽ പാപ്പാന് പരിക്കുണ്ട്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഉൾപ്പെടെ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Discussion about this post