ഇസ്ലാമാബാദ്: ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് നാൽപ്പത് കാരിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. ലാഹോർ സ്വദേശിനി ആസിയ ബീവിയ്‌ക്കെതിരെയാണ് കോടതി നടപടി. ഖുർ ആൻ കത്തിച്ചതിലൂടെ ഇസ്ലാമിക മതത്തെ ആസിയ അപമാനിച്ചെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന് പുറത്തുവച്ച് ഖുർആന്റ പേജുകൾ ആസിയ കത്തിച്ചെന്നായിരുന്നു കേസ്. പ്രദേശവാസികളാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ആസിയയെ ജയിലിൽ അടയ്ക്കുകയായിരുന്നു.
ലാഹോർ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ആസിയ കുറ്റം ചെയ്തതായി കോടതി നിരീക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു ഇവർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മതനിന്ദയുമായി ബന്ധപ്പെട്ട വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം അയൽക്കാർ കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നാണ് ആസിയയുടെ അഭിഭാഷകൻ പറയുന്നത്. അയൽക്കാരിൽ ചിലർക്ക് ആസിയയുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനപ്പൂർവ്വം കുടുക്കാൻ ശ്രമിച്ചുകൊണ്ട് പരാതി നൽകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post