ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് അയൽവാസികൾ. പേഴുംകവല സ്വദേശി സുനിൽ കുമാറിനാണ് മർദനമേറ്റത്. സ്ഥല തർക്കത്തിന്റെ പേരിലായിരുന്നു മർദനം. സംഭവത്തിൽ മൂന്ന് പേരെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സ്വദേശികളായ സാബു, സുരേഷ്, ബാബു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രിയോടെ കട്ടപ്പന ഇരട്ടയാർ റോഡിൽ വച്ചാണ് സുനിലിനെ പ്രതികൾ അതിക്രൂരമായി മർദിച്ചത്. ഓട്ടോയിൽ ഭാര്യക്കും മകൾക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സുനിൽ കുമാറിനെ വഴിയിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. റോഡിലേക്ക് തള്ളിയിട്ട് വടി ഉപയോഗിച്ചായിരുന്നു മർദനം.
തടയാൻ ശ്രമിച്ച ആളുകളെ അക്രമി സംഘം വിരട്ടിയോടിച്ചു. പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.












