തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണുണ്ടായ അപകടത്തിൽ മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്. അദാനി കമ്പനി പ്രതിനിധികൾ അനന്തുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎ എം വിൻസെന്റ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
തുറമുഖ നിർമ്മാണത്തിലേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറക്കല്ല് വീണ് കാലിന് ഗുരുതര പരിക്കേറ്റ അദ്ധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എത്ര രൂപ നൽകണമെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമറിയിക്കാമെന്നും അദാനി ഗ്രൂപ്പ് വ്യക്തമായിട്ടുണ്ടെന്ന് എം വിൻസെന്റ് അറിയിച്ചു.
എം വിൻസെന്റ് എംഎൽഎയുടെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്പനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിൻറെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി കമ്പനി പ്രതിനിധികൾ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി അറിയിച്ചു.
കഴിഞ്ഞ ദിവസം കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈ ആവശ്യം ഉൾപ്പടെ ഞങ്ങൾ ഉന്നയിച്ചിരുന്നു.ഈ സഹായം കൊണ്ട് അനന്തുവിൻറെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെ കടുത്ത സാമ്പത്തിക ബാധ്യതകൾ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ അധ്യാപിക സന്ധ്യാ റാണിക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകൾ ഇന്ന് ജില്ലാ കളക്ടർ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികാരികളും പൊലീസും ഗതാഗത വകുപ്പും തയ്യാറായാൽ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടാൻ സാധിക്കും.
Discussion about this post