കൊൽക്കത്ത : തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്ന് ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലാണ് മഹുവ പരാതി നൽകിയിരിക്കുന്നത്. ചോദ്യക്കോഴ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മഹുവ ആവശ്യപ്പെടുന്നത്. തനിക്കെതിരായി ഇപ്പോൾ സിബിഐ നടത്തുന്നത് രാഷ്ട്രീയമായ നടപടികൾ ആണെന്നും മഹുവ പരാതിയിൽ സൂചിപ്പിക്കുന്നു. സിബിഐ നടപടികൾ കാരണം തിരഞ്ഞെടുപ്പ് പ്രചാരണം പോലും തടസ്സപ്പെടുകയാണെന്നാണ് മഹുവ മൊയ്‌ത്ര വ്യക്തമാക്കുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നും തന്നെയാണ് മഹുവ മൊയ്‌ത്ര ഇത്തവണയും ജനവിധി തേടുന്നത്. പാർലമെന്റിലെ ചോദ്യത്തിന് കോഴ വാങ്ങിയതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നത്. അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിനായി വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെൻ്റ് ഐഡി ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുകയും പകരമായി കൈക്കൂലി വാങ്ങുകയും ചെയ്തതിനാണ് മഹുവ നടപടി നേരിട്ടിരുന്നത്.
Discussion about this post