മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫാത്തിമ നസ്രിനെ പിതാവ് മുഹമ്മദ് ഫായിസ് അടിച്ച് കൊന്നത് ഭാര്യയോടുള്ള വിരോധത്തെ തുടർന്നാണ് എന്നാണ് വിവരം. സംഭവത്തിൽ ഫായിസിന്റെ ബന്ധുക്കൾക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യയുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് ഫായിസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതോടെയാണ് മർദ്ദനത്തിന് പിന്നിൽ ഭാര്യയോടുള്ള വൈരാഗ്യമാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. ഇയാൾ ഭാര്യയെയും മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഫാത്തിമ നസ്രിയയെ മർദ്ദിക്കുമ്പോൾ മുഹമ്മദ് ഫായിസിന്റെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചത്.
അതേസമയം ചോദ്യം ചെയ്യലിന് പിന്നാലെ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഫായിസിനെ കോടതിയിൽ ഹാജരാക്കും. ഇതിനിടെ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലയ്ക്ക് ഉൾപ്പെടെ കുട്ടിയ്ക്ക് മർദ്ദനത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി പാടുകൾ ഉണ്ട്. കാലങ്ങളായി കുട്ടിഫായിസിന്റെ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Discussion about this post