കൊല്ലം: പ്രചാരണത്തിനെത്തിയെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെതിരെ എസ്എഫ്‌ഐക്കാരുടെ ഗുണ്ടായിസം. അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമമുണ്ടായി. വോട്ട് ചോദിച്ച് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐക്കാരുടെ അതിക്രമം.
രാവിലെയോടെയായിരുന്നു അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസിൽ എത്തിയത്. എന്നാൽ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ എസ്എഫ്‌ഐക്കാർ തടയുകയായിരുന്നു. തുടർന്ന് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ പറ്റില്ലെന്ന് അദ്ദേഹവും ബിജെപി പ്രവർത്തകരും വ്യക്തമാക്കുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനും എസ്എഫ്‌ഐക്കാർ ശ്രമിച്ചു. ഇതിനിടെ എബിവിപി പ്രവർത്തകർ പ്രതിരോധിക്കാൻ എത്തി. ഇവരെ എസ്എഫ്‌ഐ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ഇതോടെ ക്യാമ്പസിൽ സംഘർഷമുണ്ടായി. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്.
ഇപ്പോൾ ഇവിടെ നടക്കുന്നതാണ് യഥാർത്ഥ ഫാസിസം എന്ന് സംഭവത്തിന് പിന്നാലെ കൃഷ്ണകുമാർ പ്രതികരിച്ചു. വോട്ട് അഭ്യർത്ഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. എന്നാൽ ആദ്യമായിട്ടാണ് ഇങ്ങനെ അനുഭവം. എതിർ സ്ഥാനാർത്ഥികളായ മുകേഷും എൻകെ പ്രേമചന്ദ്രനും വോട്ട് ചോദിച്ച് ക്യാമ്പസിൽ എത്തിയിരുന്നു. എന്നാൽ അവർക്കൊന്നും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ല. അതേസമയം മോദിയുടെ സ്ഥാനാർത്ഥിയ്ക്ക് ക്യാമ്പസ് വിലക്ക് കൽപ്പിക്കുന്നു. ഇതാണ് റിയൽ ഫാസിസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












