ന്യൂഡൽഹി: എഐ സാങ്കേതിക വിദ്യയുടെ വരവോട് കൂടി ഇന്ത്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു എഐ സാങ്കേതിക വിദ്യ പ്രധാന ചർച്ചാ വിഷയം ആയത്. കൊച്ചു കുട്ടികൾ വരെ ഇന്ന് ഈ സാങ്കേതിക വിദ്യയെ സ്‌നേഹിക്കുന്നുവെന്നും പ്രധാനമന്ത്രി ബിൽഗേറ്റ്‌സിനോട് പറഞ്ഞു.
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അമ്മമാരെ ആയ് എന്നാണ് വിളിക്കാറുള്ളത്. നമ്മുടെ എല്ലാവർക്കും അറിയാമായിരുന്ന ആദ്യ വാക്ക് കൂടി ആയിരുന്നു ഇത്. എന്നാൽ ഇന്ന് കുട്ടികൾക്ക് അറിയാവുന്ന ആദ്യ വാക്ക് ആയി എന്നതിന് പകരം എഐ എന്ന് ആയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാഷ വിശലകനം ചെയ്യാൻ ജി20 ഉച്ചകോടിയിൽ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. ആ സമയത്ത് വിദേശത്ത് നിന്നും എത്തുന്നവരോടും നേതാക്കന്മാരോടും സംസാരിക്കുന്നതിനായി തന്റെ എല്ലാ ഡ്രൈവർമാരും എഐ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഉള്ള ആശങ്കകളും ബിൽഗേറ്റ്‌സുമായി അദ്ദേഹം പങ്കുവച്ചു.
സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതിനാണ് തങ്ങൾ പരിഗണന കൊടുക്കുന്നത്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രധാന ആശുപത്രികളുമായി ബന്ധിപ്പിച്ച് ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 2,00,000 ആരോഗ്യ മന്ദിർ ഹെൽത്ത് സെന്ററുകൾ ഇതിന് ഉദാഹരണം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post