മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച്ച ലോക് ഡൗൺ ആണെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദീൻ (45) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.
ഫേസ്ബുക്കിലൂടെയായിരുന്നു വ്യാജ പ്രചാരണം. മാർച്ച് 25 അർദ്ധരാത്രി മുതൽ രാജ്യത്ത് 3 ആഴ്ച്ചത്തേക്ക് രാജ്യത്ത് ലോക് ഡൗൺ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിംഎം മെഷീൻ തയ്യാറാക്കുമെന്നുമായിരുന്നു ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഈ സമയം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഖിക്കുമെന്നും ഇയാൾ പോസ്റ്റിൽ കുറിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായ സൈബർ ഡോമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
തിരൂർ പൊലീസ് ഇൻസ്പെക്ടർ എം.കെ രമേഷ്, എസ്.ഐ എ.ആർ നിഖിൽ, സി.പി.ഒമാരായ അരുൺ, ധനീഷ് കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












