എറണാകുളം: റിലീസിന് മണിക്കൂറുകൾക്ക് പിന്നാലെ പുതിയ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സംഭവത്തിൽ സംവിധായകൻ ബ്ലസി പോലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലും, സൈബർ പോലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇന്നലെയാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിന് തൊട്ട് പിന്നാലെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ ആരംഭിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബ്ലെസി പോലീസിൽ പരാതി നൽകിയത്. മൊബൈൽ സ്‌ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും പോലീസിന് മുൻപാകെ അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളതെന്നാണ് സൂചന. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്ത് കണ്ടവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് സൂചന.
സാഹിത്യകാരൻ ബെന്യാമിന്റെ പ്രശസ്ത നോവലായ ആട് ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഇത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.











