ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ വിയോഗത്തിലാണ് സിനിമലോകം. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് പേർക്ക് വെളിച്ചം പകർന്നു കൊണ്ടാണ് താരം വിടപറഞ്ഞത്.
താരത്തിന്റെ അവസാന ആഗ്രഹമായിരുന്നു കണ്ണുകൾ ദാനം ചെയ്യുക എന്നത്. നേരത്തേ തന്നെ തന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം അദ്ദേഹം നൽകിയിരുന്നു . അത്‌നുസരിച്ചാണ് താരത്തിന്റെ കണ്ണുകൾ ദാനം ചെയ്തത്. ഇതിലൂടെ രണ്ട് പേർക്കാണ് പുതു ജീവൻ കിട്ടിയത്. ഇനി അദ്ദേഹത്തിന്റെ കണ്ണിലൂടെ അവർ ലോകത്തെ കണ്ട് അറിയും.
ഇന്നലെ രാത്രി അദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഉടനെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെ സംസ്‌കാര ചടങ്ങുകൾ നടക്കും.
1975ലായിരുന്നു ഡാനിയൽ ബാലാജിയുടെ ജനനം. ടി.സി ബാലാജി എന്നാണ് യഥാർത്ഥ പേര്. തമിഴിന് പുറമേ തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു ബാലാജി. കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. തമിഴ് സീരിയലിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നിവയാണ് ബാലാജി അഭിനയിച്ച മലയാള ചിത്രങ്ങൾ
Discussion about this post