ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 30 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്ക് മുൻപ് ഈ പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് 300 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്.
സംഭവത്തിന് പിന്നാലെ തീരത്ത് ചെളി നിറഞ്ഞിരിക്കുകയാണ്. ഇതേത്തുടർന്ന് മത്സ്യബന്ധന ബോട്ടുകൾ തീരത്തേക്ക് എത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് എന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നേരത്തെ ഇത്തരത്തിൽ കടൽ ഉൾവലിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചാകര ഉണ്ടായിരുന്നു. ഇപ്പോൾ ഇത്രയും ചെളി നിറഞ്ഞിരിക്കുന്നതിനാൽ ചാകര ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
ഇത്തരം പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ സുനാമിക്ക് മുൻപും കടൽ ഉൾവലിയാറുണ്ട്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശവാസികൾ.
Discussion about this post