കോട്ടയം: സംരക്ഷണ കേന്ദ്രത്തിൽ ദിവ്യാംഗനായ 16 കാരന് മർദ്ദനമേറ്റ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവൻ സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് നടപടി.
തിരുവല്ല പോലീസാണ് കേസ് എടുത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ. ഇവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന. തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്.
2023 ജൂൺ മുതൽ കുട്ടി വെള്ളറടയിലെ സ്‌പെഷ്യൽ സ്‌കൂളിലായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയെ അമ്മ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റ പാടുകൾ കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സിച്ച ഡോക്ടർമാരാണ് കുട്ടിയ്ക്ക് ക്രൂരമർദ്ദനം നേരിടേണ്ടിവന്നതായി വ്യക്തമാക്കിയത്. തുടർന്ന് ഇവർ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയ്ക്ക് മുൻപും മർദ്ദനമേറ്റിരുന്നു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.
Discussion about this post