കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കൽ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളിൽ ഒന്ന് പൊട്ടിയതോടെയായിരുന്നു വെള്ളം വിതരണം മുടങ്ങിയത്. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.
രാവിലെയോടെയായിരുന്നു പൈപ്പ് പൊട്ടിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാഥമിക കൃത്യം പോലും നടപ്പിലാക്കാൻ വെള്ളമില്ലാത്ത അവസ്ഥയായിരുന്നു രാവിലെ.
ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഭാഗത്താണ് പ്രതിസന്ധി ഏറെ ഉണ്ടായത്. എന്നാൽ ഇതിന് പിന്നാലെ വാട്ടർ അതോറിറ്റി വെള്ളം എത്തിച്ചതിനാൽ പ്രതിസന്ധിയ്ക്ക് ഒരു പരിധിവരെ പരിഹാരമായി. എന്നാൽ ബക്കറ്റിൽ ശേഖരിച്ച വെളളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വാർഡുകളിൽ എത്തിക്കുന്നത് ശ്രമകരമായിരുന്നു. വെള്ളവുമായി പടിക്കെട്ട് കയറി പലരും തളർന്നു. സംഭവം വാർത്തയായതോടെ വൈകുന്നേരത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Discussion about this post