ന്യൂഡൽഹി : സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത ആളുകൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിൽ നേരത്തെയും പ്രതിഷേധമുണ്ടായിരുന്നു.
കഴിഞ്ഞതവണ കേന്ദ്രസഹമന്ത്രി അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴും ഇദ്ദേഹം പ്രതിഷേധിച്ചിരുന്നതായി പറയപ്പെടുന്നു. അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയവൽക്കരണത്തെ എതിർക്കുന്നു എന്ന് സൂചിപ്പിച്ചാണ് സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമിക്ക് രാജി കത്ത് സമർപ്പിച്ചിട്ടുള്ളത്.
“അക്കാദമിയുടെ ഭരണഘടന തിരുത്തി എഴുതാനാണ് രാഷ്ട്രീയ യജമാനന്മാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സ്വയംഭരണാവകാശം ഉള്ള ചില സ്ഥാപനങ്ങളിൽ ഒന്നാണ് കേന്ദ്ര സാഹിത്യ അക്കാദമി. അങ്ങനെയുള്ള അക്കാദമിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ നിശബ്ദമായി നോക്കിയിരിക്കാൻ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാൻ ആഗ്രഹിക്കുന്നില്ല” എന്നാണ് സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമിക്ക് നൽകിയ രാജി കത്തിൽ സൂചിപ്പിക്കുന്നത്.
Discussion about this post