ബംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 35 വയസ്സുകാരൻ 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഫരീദ ഖത്തും എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഖത്തും കഴുത്തിലും നെഞ്ചിലും ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചാണ് ഫരീദയെ കൊലപ്പെടുത്തിയത്. ബംഗളൂരു ജയനഗർ സ്വദേശിയായ ഗിരീഷ് എന്ന ടാക്സി ഡ്രൈവറാണ് കൊലപാതകം നടത്തിയത്.
ഫരീദയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗിരീഷ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ബംഗളൂരുവിരിലെ ഒരു സ്പായിലെ ജീവനക്കാരി ആയിരുന്നു ഫരീദ. 2022 മുതൽ ഫരീദയും ഗിരീഷും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു. കൊൽക്കത്ത സ്വദേശിനിയായ ഫരീദ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇവർക്ക് രണ്ടു പെൺമക്കൾ ഉണ്ട്.
ഈയടുത്ത് ഫരീദയുടെ ഭർത്താവ് മരിച്ചതിനെത്തുടർന്ന് പെൺകുട്ടികളെ ഇവർ ബംഗളൂരുവിലേക്ക് കൊണ്ടുവന്നിരുന്നു. കുട്ടികളെ ബംഗളൂരുവിലെ കോളേജിൽ ചേർക്കാനുള്ള ശ്രമത്തിലായിരുന്നു ഫരീദ. ഇതിനിടയിലാണ് ഗിരീഷ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ വിവാഹത്തിനുള്ള ആവശ്യം യുവതി നിരസിച്ചതോടെ പ്രകോപിതനായ യുവാവ് ഇവരെ ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post