ധാക്ക : ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയാണ് ഇന്ത്യക്കെതിരെ ബഹിഷ്കരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളുടെ ഭാര്യമാരുടെ സാരികൾ വരെ ഇന്ത്യയിൽ നിന്നും ഉള്ളതാണ് എന്നാണ് ഇതിനു മറുപടിയായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന വ്യക്തമാക്കിയത്.
“ആദ്യം നിങ്ങൾ സ്വയം ഇന്ത്യയിൽ നിന്നും വാങ്ങിയ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കൂ. അതിന് ആദ്യം പോയി ഭാര്യമാരുടെ സാരികൾ കത്തിക്കൂ. എന്നിട്ടാകാം ഇന്ത്യയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുമുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുവന്ന് ബംഗ്ലാദേശിൽ വിൽപ്പന നടത്തുന്ന നിരവധി പേരാണ് രാജ്യത്തുള്ളത്. അത് വാങ്ങി ഉപയോഗിക്കാത്ത ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ? എന്നായിരുന്നു ഷേഖ് ഹസീനയുടെ പ്രതികരണം.
മുൻപ് ബംഗ്ലാദേശ് നാഷണൽ പാർട്ടി രാജ്യം ഭരിച്ചിരുന്ന സമയത്ത് നേതാക്കന്മാരെക്കാൾ കൂടുതൽ നേതാക്കളുടെ ഭാര്യമാരായിരുന്നു ഇന്ത്യയിലേക്ക് പോയിരുന്നത്. ഇന്ത്യയിൽ നിന്നും പ്രധാനമായും വസ്ത്രങ്ങൾ വാങ്ങുന്നത് ആയിരുന്നു അവരുടെ ലക്ഷ്യം. അത്തരത്തിൽ ഇന്ത്യയിൽ നിന്നും നിരവധി സാധനങ്ങൾ വാങ്ങിക്കൂട്ടിയ പ്രതിപക്ഷ നേതാക്കളെ തനിക്കറിയാം എന്നും ഷേഖ് ഹസീന വ്യക്തമാക്കി. ഷേഖ് ഹസീനയ്ക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാനായി ഇന്ത്യയിൽ നിന്നും സഹായം കിട്ടിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ത്യക്കെതിരെ ബഹിഷ്കരണ ആഹ്വാനം നടത്തിയിരുന്നത്. ബംഗ്ലാദേശിൽ ഷേഖ് ഹസീന അധികാരത്തിൽ തുടർന്നാൽ മാത്രമേ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയൂ. അതിനാൽ ഷേഖ് ഹസീന നാലാമതും അധികാരത്തിൽ എത്തുന്നതിനായി പ്രവർത്തിച്ചത് ഇന്ത്യ ആണെന്നാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്.
Discussion about this post