ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്മി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിംഗ് നൽകിയ ജാമ്യാപേക്ഷയെ ഇഡി എതിർത്തില്ല. ഇതേ തുടർന്നായിരുന്നു കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
കർശന വ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്. ജാമ്യം നൽകി എന്നതിനർത്ഥം സഞ്ജയ് സിംഗ് കുറ്റം ചെയ്തിട്ടില്ലെന്നല്ലെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അദ്ദേഹത്തിന് കോടതി അനുമതി നൽകി.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അദ്ദേഹത്തെ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിനായി കീഴ്‌ക്കോടതികളെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ ആംആദ്മി നേതാവാണ് സഞ്ജയ് സിംഗ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
Discussion about this post