ഡെറാഡൂൺ: കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ അഴിമതിയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലെ പൊതുതിരഞ്ഞെടുപ്പ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഒരു ഭാഗത്ത് സത്യവും സുതാര്യതയും ഏറ്റുമുട്ടുന്നു. മറുഭാഗത്ത് അഴിമതിയും സാമ്രാജ്യത്വ ശക്തികളും. ഇവർ മോദിയെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അഴിമതി ഇല്ലാതാക്കൂ എന്നാണ് നമ്മൾ പറയുന്നത്. എന്നാൽ അവർ പറയുന്നതോ അഴിമതിയെ രക്ഷിക്കൂ എന്നും. എന്നാൽ ഇതൊന്നും കേട്ട് മോദി ഭയക്കാൻ പോകുന്നില്ല. അഴിമതിക്കാർക്കെതിരെ ശക്തമായ പോരാട്ടം തുടരും. മൂന്നാം വട്ടം അഴിമതിക്കാർക്കെതിരായ പോരാട്ടം കുറച്ചു കൂടി ശക്തമാക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മോദി സർക്കാരിനെ മൂന്നാംതവണയും തിരഞ്ഞെടുത്താൽ രാജ്യത്തിന് തീയിടുമെന്നാണ് കോൺഗ്രസ് പറയുന്നത്. നിങ്ങൾക്കിത് അംഗീകരിക്കാൻ കഴിയുമോ?. നിങ്ങൾ ഇതിന് അനുവദിക്കുമോ?. ഇതാണോ ജനാധിപത്യത്തിന്റെ ഭാഷ?. കോൺഗ്രസ് ആളുകളെ പ്രകോപിപ്പിക്കുകയാണ്. അസ്ഥിരതയിലേക്കും, അരാചകത്വത്തിലേക്കും ഇത് രാജ്യത്തെ തള്ളിവിടും. രാജ്യത്തെ നശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ശിക്ഷിക്കപ്പെടണ്ടേയ് എന്നും അദ്ദേഹം ചോദിച്ചു.
Discussion about this post