എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുൻ എംപിയും ആയ പി.കെ ബിജുവിന് നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗമായിരുന്നു ബികെ ബിജു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
ബിജുവിന് പുറമേ പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം ആർ ഷാജനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഷാജനോട് വെള്ളിയാഴ്ച ഹാജരാകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. അന്വേഷണ സമിതിയിൽ ഷാജനും അംഗമായിരുന്നു. അന്വേഷണം നടത്തിയ ശേഷമുള്ള റിപ്പോർട്ട് ഹാജരാക്കാൻ ഇവരിൽ നിന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ ഇഡിയുടെ രണ്ടാംഘട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും നോട്ടീസ് അയച്ചത്. വരും ദിവസങ്ങൡ കൂടുതൽ സിപിഎം നേതാക്കൾക്ക് നോട്ടീസ് നൽകുമെന്നാണ് സൂചന.
Discussion about this post