ന്യൂഡൽഹി: വ്യാജ ആരോപണങ്ങളിൽ ഡൽഹി മന്ത്രി അതിഷിയ്ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ബിജെപി. തന്നോട് പാർട്ടിയിൽ ചേരാൻ ബിജെപി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹി ബിജെപി വക്താവ് പർവീൺ ശങ്കർ കപൂറിന്റെ പരാതിയിലാണ് നടപടി.
പാർട്ടിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം തന്നെ സമീപിച്ചെന്നും തയ്യാറായില്ലെങ്കിൽ ഇഡിയുടെ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് പറഞ്ഞ് സമ്മർദ്ദം ചെലുത്തിയെന്നുമായിരുന്നു അഷിതിയുടെ ആരോപണം. ഈ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇതോടെയാണ് നിയമനടപടിയുമായി ബിജെപി രംഗത്ത് എത്തിയത്.
മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതിഷിയുടെ പരാമർശം. ഒരു മാസത്തിനുള്ളിൽ തന്നോട് ബിജെപിയിൽ ചേരണമെന്നായിരുന്നു നേതൃത്വം പറഞ്ഞത് എന്ന് അതിഷി പറഞ്ഞിരുന്നു. താനുമായി അടുപ്പമുള്ള വ്യക്തി വഴിയായിരുന്നു ബിജെപി നേതാക്കൾ സമീപിച്ചത്. രാഷ്ട്രീയ ജീവിതം സുരക്ഷിതമാകണമെങ്കിൽ ബിജെപിയിൽ ചേരണം. അല്ലെങ്കിൽ ഇഡി അറസ്റ്റ് ചെയ്യും. വരും മാസങ്ങളിൽ നാല് ആംആദ്മി നേതാക്കളെ കൂടി ഇഡി അറസ്റ്റ് ചെയ്യുമെന്ന് ബിജെപി അറിയിച്ചിരുന്നുവെന്നും അതിഷി ആരോപിച്ചിരുന്നു.
എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ബിജെപി അപ്പോൾ തന്നെ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post