ഇടുക്കി : വീട്ടിൽ അതിക്രമിച്ചു കയറി വന്നശേഷം മുഖത്ത് മുളകുപൊടി എറിഞ്ഞ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇടുക്കി കട്ടപ്പനയിൽ ആണ് സംഭവം നടന്നത്. 30 വയസ്സുകാരിയായ വീട്ടമ്മയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ 16 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവ് ജോലിക്ക് പോയതിനു ശേഷം യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. കോളിംഗ് ബെൽ കേട്ട് യുവതി വാതിൽ തുറന്ന ഉടൻ തന്നെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് ഇവരുടെ മുഖത്ത് ഇടിച്ചു വീഴ്ത്തി. തുടർന്ന് വലിച്ചിഴച്ചു കൊണ്ട് മുറിക്കുള്ളിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു എങ്കിലും യുവതി പ്രതിരോധിക്കുകയായിരുന്നു.
യുവതി ഉറക്കെ ബഹളം വെച്ച് ആളെ കൂട്ടിയതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ യുവതിയെ സമാധാനിപ്പിച്ച ശേഷം പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലാണ് പ്രതിയെ പിടികൂടിയത്.











