അഹമ്മദാബാദ്; മുൻ പ്രധാനമന്ത്രി ജവർലാൽ നെഹ്രുവിനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തപ്പോൾ ഇന്ത്യയുടെ നിലപാടിനെ പരാമർശിച്ച്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്രു ‘ഇന്ത്യ രണ്ടാമത്, ചൈന ആദ്യം’ എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാക് അധീന കശ്മീർ, കൂടാതെ ഇന്ത്യയുടെ ചില ഭാഗങ്ങൾ ചൈന അധിനിവേശം നടത്തിയത് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണം മുൻകാല തെറ്റുകളാണെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
ഇവിടെ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ സംസാരിക്കവെ, ചൈനയുടെ കൈവശമുള്ള പിഒകെയുടെയും ഇന്ത്യൻ പ്രദേശങ്ങളുടെയും പദവിയുമായി ഇന്ത്യ അനുരഞ്ജനം നടത്തണമോ അതോ അവ തിരിച്ചുപിടിക്കാൻ പ്രവർത്തിക്കണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1950ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ, ചൈനയെക്കുറിച്ച് നെഹ്റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രണ്ട് മുന്നണികളിൽ (പാകിസ്ഥാനും ചൈനയും) ഇന്ന് ആദ്യമായി നാം അഭിമുഖീകരിക്കുന്ന അവസ്ഥയാണെന്ന് പട്ടേൽ നെഹ്റുവിനോട് പറഞ്ഞിരുന്നു. ചൈനക്കാരുടെ ഉദ്ദേശം വ്യത്യസ്തമായി തോന്നുന്നതിനാൽ അവർ പറയുന്നത് വിശ്വസിക്കുന്നില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും നെഹ്റുവിനോട് പറഞ്ഞു. ‘നിങ്ങൾ ചൈനക്കാരെ അനാവശ്യമായി സംശയിക്കുന്നുവെന്ന് നെഹ്റു പട്ടേലിനോട് മറുപടി പറഞ്ഞു. ഹിമാലയത്തിൽ നിന്ന് ആർക്കും ഞങ്ങളെ ആക്രമിക്കാൻ കഴിയില്ലെന്ന് നെഹ്റു പറഞ്ഞു. ചൈനീസ് ഭീഷണി നെഹ്റു പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും ജയശങ്കർ പറഞ്ഞു. .
‘അതുമാത്രമല്ല, യുഎന്നിന്റെ (സെക്യൂരിറ്റി കൗൺസിലിന്റെ) സ്ഥിരാംഗത്വത്തെക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ, അത് നമ്മൾക്ക് വാഗ്ദാനം ചെയ്തപ്പോൾ, നെഹ്റുവിന്റെ നിലപാട്, ആ സീറ്റ് ഞങ്ങൾ അർഹിക്കുന്നു, പക്ഷേ ആദ്യം അത് ചൈനയ്ക്ക് ലഭിക്കണം. ഞങ്ങൾ ഇപ്പോൾ ഇന്ത്യ ഫസ്റ്റ് നയമാണ് പിന്തുടരുന്നത്. എന്നാൽ ഇന്ത്യ രണ്ടാമത്, ചൈന ആദ്യം എന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post