ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോളേജിലെ ആർട്‌സ് ഡേ ആയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് വിദ്യാർത്ഥികൾ ഹമാസ് ഭീകരരുടെ വേഷങ്ങൾ ധരിച്ച് പ്രകടനം നടത്തിയത്. നഗരമദ്ധ്യത്തിലൂടെ നടന്ന് എത്തി ഇവർ ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇവരുടെ പക്കൽ ഹമാസിന്റെ കൊടിയും വ്യാജ ആയുധങ്ങളും ഉണ്ടായിരുന്നു. ഇടത്- ജിഹാദി സംഘടനകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ആർട്‌സ് ഡേയുടെ ഭാഗമായുള്ള ഫാൻസി ഡ്രസ് മാത്രമായിരുന്നു ഇതെന്നാണ് സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ പറയുന്നത്.
അതേസമയം വ്യാജ തോക്കുകളും വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി ജനങ്ങളെ ഭീതിയിലാഴ്ത്തി നടത്തിയ പ്രകടനത്തെ കേവലം ഫാൻസി ഡ്രസ് മാത്രമായി കാണാൻ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. പണ്ട് സിറിയയിലും അഫ്ഗാനിസ്ഥാനിലും മാത്രം കണ്ടുവന്നിരുന്ന കാഴ്ചയായിരുന്നു ഇത്. എന്നാൽ ഇന്ന് കേരളത്തിലും ഇത്തരം പ്രകടനങ്ങൾ കണ്ടുവരുന്നു. ഇതിന് വളമാകുന്നത് ഇടത് വലത് മുന്നണികളുടെ കപട മതേതരത്വമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
വോട്ട് നൽകിയാൽ ഏത് ഭീകര പ്രവർത്തനത്തിനും പിന്തുണ നൽകുന്ന ഇടത് വലത് മുന്നണികളുടെ കപട മതേതരത്വത്തിന് വരും തലമുറ നൽകേണ്ടി വരുന്ന വില ഈ നാടിന്റെ ശാന്തിയും സമാധാനവും തന്നെ ആണ്. കേരളം സിറിയയോ അഫ്ഗാനിസ്താനോ ആകാതിരിക്കാൻ വിവേക പൂർവ്വം ചിന്തിച്ച് വോട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. കേരളം ഇസ്ലാമിക ഭീകരരുടെ ഈറ്റില്ലമായി മാറിയിരിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുണ്ട്.
Discussion about this post