തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ജയപ്രകാശ് ആരോപിച്ചു. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
അതേസമയം ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനിലാണ് വിശ്വാസം എന്ന് ജയപ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ച സിബിഐ കേസ് അന്വേഷിക്കുകയാണെങ്കിൽ അവർ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്. എന്നാൽ അന്വേഷണ കമ്മീഷനാകുമ്പോൾ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കും. അതിനാൽ രണ്ട് അന്വേഷണങ്ങളും ഒരുമിച്ച് നടക്കട്ടേ എന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ ക്യാമ്പസിൽ ജയപ്രകാശ് എത്തുകയും മകന്റെ ഹോസ്റ്റൽ മുറി സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവിടെ വരണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചതല്ലെന്ന് ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയെ കാണാനാണ് ജയപ്രകാശ് വയനാട്ടിൽ എത്തിയത്. അപ്പോഴാണ് മകന്റെ മുറിയും കോളേജും സന്ദർശിച്ചത്.
Discussion about this post