ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ, മൃത്യു വിജയത്തിന്റെ, ആയുസിന്റെ, മംഗളങ്ങളുടെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. വിശ്വാസപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും എല്ലാം ശിവനും ശക്തിയും ചേർന്നാണ്. വിശ്വാസികൾ പൊതുവേ ആയുസിന്റെ ദൈവമായാണ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ ശിവനെ മൃത്യുഞ്ജയൻ അഥവാ മൃത്യുവിജയി എന്നറിയപ്പെടുന്നു. മരണഭയം അകലുവാനും, ദീർഘായുസ് ഉണ്ടാകുവാനും, അപകടങ്ങൾ, അകാലമരണം എന്നിവ ഒഴിയുവാനും, മഹാരോഗങ്ങൾ അകലുവാനും ഹൈന്ദവർ മൃത്യുഞ്ജയനായ ശിവനെ ആരാധിച്ചു വരുന്നു.
ഒട്ടനവധി ശിവക്ഷേത്രങ്ങളാൽ സമ്പന്നമാണ് ഭാരതം. ഇന്ത്യയിൽ മാത്രമല്ല. തൊട്ട് അയൽപ്പക്കമായ പാകിസ്താനിലും ശിവപ്രാധാന്യമുള്ള ഒരു മഹാക്ഷേത്രമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം മഹാഭാരതവുമായി ഏറ്റവും ബന്ധമുള്ള പ്രദേശം. കടാസ്രാജ് എന്നാണ് പ്രദേശത്തിന്റെ പേര്. ശിവഭഗവാന്റെ കണ്ണുനീർ വീണ് രൂപപ്പെട്ട വലിയൊരു തടാകം ഇവിടെയുണ്ട്.
ശിവന്റെ പത്‌നിയായ സതിയുടെ മരണം സംബന്ധിച്ചുള്ളതാണ് പ്രധാന ഐതിഹ്യം. സതി മരിച്ചപ്പോൾ ശിവൻ ദുഃഖത്താൽ ഒഴുക്കിയ കണ്ണുനീരാണ് ഈ തീർത്ഥത്തിൽ എന്നാണ് വിശ്വാസം. ശിവന്റെ കണ്ണുനീരാൽ ഉണ്ടായ രണ്ട് കുളങ്ങളിൽ മറ്റൊന്ന് ഇന്ത്യയിലെ അജ്മേറിലെ പുഷ്‌കാരയാണ്. കേതാക്ഷ (പെയ്യുന്ന കണ്ണുകൾ) എന്ന പാകിസ്താനിലെ കുളമാണ് ലോപിച്ച് കടാസ് എന്ന സ്ഥലപ്പേരുണ്ടായത്.മഹാഭാരതം അനുസരിച്ച് പാണ്ഡവന്മാർ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഒരു വിശ്വാസം. പതിമൂന്ന് വർഷത്തെ വനവാസക്കാലത്ത് നാലുവർഷം പാണ്ഡവർ ഇവിടെയാണ് കഴിഞ്ഞതെന്ന് ഐതിഹ്യം.ക്ഷേത്ര സമുച്ചയത്തിന്റെ മദ്ധ്യത്തിലുള്ള കുളത്തിലെ വെള്ളം ശിവന്റെ കണ്ണുനീർ കൊണ്ട് നിറഞ്ഞതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ തീർത്ഥത്തിലെ വെള്ളത്തിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് വിശ്വാസം. പാണ്ഡവരിലെ മൂത്ത സഹോദരനായ യുഥിഷ്ടിരൻ യക്ഷനെ തന്റെ ബുദ്ധിയുപയോഗിച്ച് പരാജയപ്പെടുത്തിയത് ഇവിടെവച്ചാണെന്നും വിശ്വാസമുണ്ട്.
Discussion about this post