ടോക്യോ: ഭൂചലനത്തെ തുടർന്ന് തായ്‌വാനിൽ കാണാതെ ആയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇവരുമായി സംസാരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തായ്‌വാനിൽ ഉണ്ടായ ഭൂചലനത്തിൽ രണ്ട് ഇന്ത്യക്കാരെ ആയിരുന്നു കാണാതെ ആയത്.
ഭൂചലനത്തിന് പിന്നാലെ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് വിദേശകാര്യ വക്താവ് രൺധിർ ജയ്‌സ്വാൾ പറഞ്ഞു. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ നടത്തിയ ശ്രമത്തിനൊടുവിൽ ഇവരുമായി സംസാരിക്കാൻ കഴിഞ്ഞു. രണ്ട് പേരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ വിവരം അറിയിച്ചത്. ഭൂചലനത്തിന് പിന്നാലെ ഇരുവരെയും കാണാതെ ആയത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. ജീവഹാനി സംഭവിച്ചോ എന്നതുൾപ്പെടെ ഭയന്നിരുന്നു. എന്നാൽ ഇരുവരും സുരക്ഷിതരാണെന്ന വിവരം ആശങ്ക അകറ്റിയിരിക്കുകയാണ്.
റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു തായ്‌വാനിൽ ഉണ്ടായത്. ഇതിൽ 10 പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 18 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. 45 അംഗ സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.
Discussion about this post