കണ്ണൂർ: സിപിഎം അനുഭാവികൾ പ്രതികളായ പാനൂർ ബോംബ് സ്‌ഫോടന കേസിൽ പോലീസ് അന്വേഷണം ഒച്ചിഴയും വേഗത്തിൽ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസിന് നിർദ്ദേശമില്ല. കേസ് അന്വേഷണം ഉന്നതരിലേക്ക് നീളുമെന്നതിനാൽ രണ്ട് പേരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തി എഫ്‌ഐആർ ഒതുക്കിയിരിക്കുകയാണ് പോലീസ്. സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ബോംബ് നിർമ്മാണത്തിൽ പത്തോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. എന്നാൽ ഇതിൽ അന്വേഷണം വേണ്ടെന്ന നിലപാടിൽ ആണ് പോലീസ്. സംഭവത്തിന് പിന്നാലെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തതായിട്ടാണ് വിവരം. എന്നാൽ ഇവരുമായി ബന്ധപ്പെട്ട വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിൻ, പരിക്കേറ്റ വിനീഷ് എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ. പത്തോളം പേർ ചേർന്നാണ് ബോംബ് നിർമ്മിച്ചത് എന്നാണ് വിവരം. പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലാണ്. ഇവരെ എഫ്‌ഐആറിൽ പ്രതിചേർത്തിട്ടില്ല.സിപിഎം പ്രാദേശിക നേതാവിന്റെ മകൻ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബോംബു നിർമ്മിക്കുമ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്‌ഐആർ.
മൂളിയന്തോട് നിർമാണത്തിലിരുന്ന ലോട്ടറി കച്ചവടക്കാരനായ മനോഹരന്റെ വീട്ടിലായിരുന്നു ബോംബ് നിർമ്മാണം. ഇതിനിടെ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഷെറിനും വിനീഷിനും സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കേ ആണ് ഷെറിൻ മരിച്ചത്. വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.












