കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐയ്ക്ക് നേരെ ആക്രമണം. കല്ലേറിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിഡ്‌നാപ്പൂരിൽ ഉണ്ടായ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി എത്തിയതായിരുന്നു എൻഐഎ സംഘം. ഇതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിശോധനയ്ക്കിടെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ എൻഐഎ സംഘത്തിന്റെ വാഹനത്തിന്റെ ചില്ല് തകർന്നു. തുടർന്ന് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം പോലീസിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങൾക്ക് കാരണം ആയത് എന്ന് എൻഐഎ വ്യക്തമാക്കി. അന്വേഷണത്തിനായി മിഡ്‌നാപൂരിൽ എത്തുമെന്നും സുരക്ഷ വേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് സുരക്ഷ ഒരുക്കിയില്ലെന്നും എൻഐഎ പറഞ്ഞു. സംഭവത്തിൽ എൻഐഎ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
2022 ഡിസംബറിൽ ആയിരുന്നു മിഡ്‌നാപൂരിൽ സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകുയം ചെയ്തു. ഇതിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു എൻഐഎ അന്വേഷണം ആരംഭിച്ചത്.
Discussion about this post