ന്യൂഡൽഹി : തൃശ്ശൂരിലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദായനികുതി വകുപ്പിന്റെ നടപടി രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് യെച്ചൂരി വ്യക്തമാക്കി. പാർട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ ഒന്നും തന്നെയില്ല. എന്തിനാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്ന് അറിയില്ല എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിൽ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായിരുന്ന അക്കൗണ്ട് ആണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ഈ മാസത്തിൽ ഈ അക്കൗണ്ട് വഴി ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആദായനികുതി വകുപ്പ് ഈ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്.
മുൻകൂട്ടി യാതൊരു നോട്ടീസും നൽകാതെയും തങ്ങളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം കേൾക്കാതെയും ആണ് ആദായനികുതി വകുപ്പ് അക്കൗണ്ട് മരവിപ്പിച്ചത് എന്ന് സിപിഎം തൃശ്ശൂർ ജില്ലാ നേതൃത്വം ആരോപിച്ചു. എൻഫോഴ്സ്മെന്റ് അധികൃതർ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഹാജർ ആയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആദായനികുതി വകുപ്പും അവിടെ എത്തിച്ചേരുകയായിരുന്നു. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് തങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നും സിപിഎം ജില്ലാ നേതൃത്വം വിമർശിച്ചു.
Discussion about this post