ന്യൂഡൽഹി: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനെതിരെ വിമർശനവുമായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്കൗണ്ട് വിവരങ്ങളെല്ലാം ആദായ നികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ബോധ്യപ്പെടുത്തിയതാണ്. എന്നാൽ, ഒരു കാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ഇത് തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ വേട്ടയാടലാണ്. പാർട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം. ഇങ്ങനെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ പാർട്ടി പണം വാങ്ങിയിട്ടില്ല. കമ്പനികളിൽ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ല. ഇത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും കമ്മീഷന് നൽകിയിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വ്യക്തമായ രേഖകൾ ഹാജരാക്കാത്തതിനാണ് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ 9.5 കോടിയുടെ നാല് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. വിവിധ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ഒരു കോടിയുടെ സ്ഥിര നിക്ഷേപമടക്കം 10.5 കോടിയാണ് ഉണ്ടായിരുന്നത്. ഈ മാസം രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് നിലവിൽ 9.5 കോടിയാണ് അക്കൗണ്ടിലുള്ളത്. ഈ അക്കൗണ്ട് മരവിപ്പിക്കുന്നതോടെ വലിയ അടി തന്നെയാണ് സിപിഎമ്മിന് കിട്ടിയിക്കുന്നത്.
പണത്തിന്റെ സ്രോതസ് അടക്കം വ്യക്തമാക്കാതെ, പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും ആദായ നികുതി വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി നടപടിക്ക് പിന്നാലെയുള്ള ആദായ നികുതി വകുപ്പിന്റെ നീക്കം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സി.പി.എമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയെന്ന് നിസംശയം പറയാം. തൃശൂർ നഗരത്തിൽ, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.








Discussion about this post