ലക്നൗ : കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വയസുള്ള സഹോദര പുത്രിയെ രക്ഷിച്ച 13 കാരിയെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര.. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ 13 കാരി നികിതയാണ് ആ ചുണക്കുട്ടി. വെർച്വൽ വോയിസ് അസിസ്റ്റന്റ് ആയ അലക്‌സയുടെ സഹായത്തോടെയാണ് നികിത 15 മാസം മാത്രം പ്രായമുള്ള സ്വന്തം സഹോദര പുത്രിയെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുകളിലെ മുറിയിൽ കുടുംബാംഗങ്ങൾ വിശ്രമിക്കുമ്പോൾ 15 മാസം പ്രായമുള്ള വാമികയ്‌ക്കൊപ്പം കളിക്കുകയായിരുന്നു നികിത. ഈ സമയം കുരങ്ങ് അടുക്കളയിലേക്ക് എത്തുകയായിരുന്നു. പിന്നീട് കുഞ്ഞിന് നേരേ കുരങ്ങ് സാധനങ്ങൾ എറിയുകയും ചെയ്തു. ശേഷം കുഞ്ഞിനെ ആക്രമിക്കാൻ വന്നപ്പോൾ നികിത പതറാതെ ഫ്രിഡ്ജിന് മുകളിലുണ്ടായ അലക്‌സയോട് നായയുടെ ശബ്ദം ഉണ്ടാക്കാൻ പറഞ്ഞു. നായയുടെ ശബ്ദത്തെ തുടർന്ന് കുരങ്ങ് പേടിച്ച് അവിടെ നിന്ന് പോവുകയായിരുന്നു.
നികിതയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അവളുടെ പെട്ടെന്നുള്ള ഇടപെടൽ പ്രശംസനീയമാണ് എന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തിലെ പ്രധാന ചോദ്യം എന്നത് തന്നെ കുട്ടികൾ എല്ലാം സാങ്കേതികവിദ്യയുടെ അടിമകളായി പോവുകയോണോ എന്നാണ് . എന്നാൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച നികിതയുടെ കഥ എല്ലാവർക്കും മാതൃകയാണ്. നികതയുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, എപ്പോഴെങ്കിലും കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുകയാണെങ്കിൽ ഞങ്ങളോടൊപ്പം ചേരാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Discussion about this post