ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയങ്ക വാദ്രയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. നെഹ്രു കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെടുന്നു. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
റായ്ബറേലിയും അമേഠിയിലും മറ്റു സ്ഥലങ്ങളിലുമുളളവർ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു. താൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു’. എന്നാൽ ഇതിനൊക്കെ കുടുംബത്തിൻറെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെൻറിൽ എത്തണമെന്നാണ് തന്റെ താൽപര്യം. പാർട്ടി അദ്ധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്.ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും റോബർട്ട് വാദ്ര വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാദ്ര പ്രസ്താവനകൾ നടത്തിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും ആര് മത്സരിക്കണമെന്ന അഭ്യൂഹം ഉയരുന്നതിനിടെയാണ് റോബർട്ട് വാദ്രയുടെ പരാമർശം. ഇതിന് പിന്നാല റോബർട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും പാർട്ടി വിലയിരുത്തിയിരുന്നു.
അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബർട്ട് കുറ്റപ്പെടുത്തിയിരുന്നു.
അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം. താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞിരുന്നു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്‌ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചിരുന്നു.
പതിറ്റാണ്ടുകളായി കോൺഗ്രസ് കോട്ടയാണ് അമേഠി. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപ്പിച്ചതോടെയാണ് അമേഠി വീണ്ടും ചർച്ചാവിഷയമാവുന്നത്. 2004, 2009, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം കൈവിട്ടുപോയി.അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post