റായ്പൂർ: ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ 12 പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
‘ദുർഗിലുണ്ടായ ബസ് അപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞാനും ചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ തന്നെ സുഖം പ്രാപിക്കട്ടേ. അവർക്കായി പ്രാർത്ഥിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും ‘ -പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ബസ് അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ വാർത്ത ഏറെ സങ്കടകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാ കുടുംബങ്ങളേയും എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു- രാഷ്ട്രപതി പറഞ്ഞു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽപ്പെട്ടവരെ ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.
Discussion about this post