കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടി എന്ന സ്ഥലത്ത് നിന്നാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളായ ഡിവൈഎഫ്‌ഐ ഭാരവാഹിയായ ഷിജാൽ , ഷബിൻലാൽ എന്നിവരാണ് ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ വാങ്ങിയത്.
സ്‌ഫോടക വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നുള്ള അന്വേഷണം നടന്നുവരുകയാണ്. പ്രതി പട്ടികയിലുള്ള പ്രവർത്തകർക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടി എടുക്കുമെന്ന് ഡിവെഎഫ്‌ഐ വ്യക്തമാക്കി.
അതേസമയം ഇന്നലെ പോലീസ് റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യത എന്ന് പോലീസ് ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ സായൂജ്,അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് വിവരം ഉള്ളത്. ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ കൂടി ലക്ഷ്യമിട്ടെന്ന വിവരം കൂടി റിപ്പോർട്ടിൽ പറയുന്നു.












