ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം തുടർന്ന് ഭരണകൂടം. മറ്റൊരു പുരാതന ഹിന്ദു ക്ഷേത്രമായ ഖൈബർ ക്ഷേത്രം കൂടി പൊളിച്ച് നീക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലാണ് സംഭവം. ക്ഷേത്രം പൊളിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
ഷോപ്പിംഗ് കോപ്ലക്‌സ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പൊളിച്ചതെന്നാണ് വിവരം. പാകിസ്താൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയായ ലന്ദി കോട്ടൽ ബസാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 15 ദിവസങ്ങൾക്ക് മുൻപ് ഖൈബർ ക്ഷേത്രത്തിന് സമീപം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം പൊളിച്ച് നീക്കുകയായിരുന്നു. വിശ്വാസികൾ എതിർപ്പുമായി രംഗത്ത് എത്തിയെങ്കിലും നടപടിയുമായി ഭരണകൂടം മുന്നോട്ട് പോയി. നിയമപ്രകാരമാണ് ക്ഷേത്രം പൊളിക്കുന്നത് എന്നും തടസ്സം നിന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായും ഹിന്ദുക്കൾ പറയുന്നു.
ലന്ദി കോട്ടൽ ബസാറിന്റെ ഹൃദയഭാഗത്തായിരുന്നു ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. 1947 വരെ ക്ഷേത്രത്തിൽ പൂജകൾ നടക്കുകയും ഭക്തർക്കായി ക്ഷേത്രം തുറന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്വാതന്ത്രാനന്തരം ക്ഷേത്രത്തിന്റെ ഭാഗമായിരുന്നവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതോടെ ക്ഷേത്രം അടച്ചുപൂട്ടി. പ്രദേശത്തെ ഹിന്ദു സംഘടനകളായിരുന്നു പിന്നീട് അങ്ങോട്ട് ക്ഷേത്രം സംരക്ഷിച്ച് പോന്നത്. 1992 ൽ അയോദ്ധ്യയിലെ തർക്ക മന്ദിരം തകർന്നതിനെ തുടർന്ന് പ്രദേശത്ത് ഉണ്ടായിരുന്ന സംഘർഷത്തിൽ ക്ഷേത്ര ഭാഗങ്ങൾ തകർന്നിരുന്നു.












