തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പിൻവലിച്ച് വനംവകുപ്പ്. പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയതോടെയാണ് സർക്കുലർ പിൻവലിച്ചത്. പൂരം നടത്തിപ്പിന് പ്രശ്‌നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
ആനകളുടെ 50 മീറ്റർ ചുള്ളളവിൽ ആളും മേളവും പാടില്ലെന്നയാരുന്നു സർക്കുലർ. ആനകളുടെ മൂന്ന് മീറ്റർ അകലെ മാത്രമേ ആളുകൾ നിൽക്കാവൂ, ആനകൾക്ക് ചുറ്റും പോലീസും ഉത്സവ വൊളന്റിയർമാരും സുരക്ഷാവലയം തീർക്കണം, ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ ആനകളെ നനയ്ക്കണം എന്നതടക്കമായിരുന്നു വനംവകുപ്പിന്റെ നിർദ്ദേശം. കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ ഇങ്ങനെ അമ്പത് മീറ്ററിനപ്പുറത്തേക്ക് ആളുകളെയും മേളവുമെല്ലാം മാറ്റുക എന്നത് നടക്കില്ലെന്നായിരുന്നു ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നത്.
തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഈ മാസം 16ന് റിപ്പോർട്ട് നൽകാനാണ് വനംവകുപ്പിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും.
Discussion about this post