ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക (സങ്കൽപ്പ് പത്രിക) പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് നയങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. 21ാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രകടന പത്രിക.
ബിജെപി ആസ്ഥാനത്ത് വച്ചായിരുന്നു പരിപാടി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും മറ്റ് മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. 27 അംഗ സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. രാജ്‌നാഥ് സിംഗായിരുന്നു ഈ കമ്മിറ്റിയുടെ തലവൻ. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി പഠിച്ച ശേഷമാണ് കമ്മിറ്റി പത്രിക തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
ബിജെപിയുടെ സങ്കൽപ്പ് പത്രികയ്ക്ക് വേണ്ടിയാണ് രാജ്യം മുഴുവൻ കാത്തിരുന്നത് എന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 10 വർഷക്കാലത്തേക്ക് പ്രാവർത്തികമാക്കേണ്ട വാഗ്ദാനങ്ങളാണ് ഇതിലുള്ളത്. വികസിത ഭാരതത്തിന്റെ നാല് തൂണുകളായ യുവത, സ്ത്രീകൾ, പാവങ്ങൾ, കർഷകർ എന്നിവർക്ക് ശക്തിപകരുന്നതാണ് സങ്കൽപ്പ് പത്രയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
60,0000 ഗ്രാമങ്ങളെ റോഡുകളാൽ പരസ്പരം ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്ന് ജെ.പി നദ്ദ പറഞ്ഞു. ഗ്രാമങ്ങളെ ഇത്തരത്തിൽ ശാക്തീകരിക്കാൻ കഴിയുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. എന്നാൽ ഇത് അതിന് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 1.2 ലക്ഷം പഞ്ചായത്തുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. 25 കോടി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. ഇവർ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ എത്തി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ അതിദരിദ്രർ 1 ശതമാനത്തിലും താഴെയാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
സങ്കൽപ്പ് പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും ബിജെപി നടപ്പിലാക്കുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. വാക്കുകളും പ്രവർത്തികളും തമ്മിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. ഇത് ബിജെപി പ്രവർത്തകർ മാത്രമല്ല രാജ്യത്തെ എല്ലാ സാധാരണക്കാരനും മനസിലാക്കി തുടങ്ങിയിരിക്കുന്നു. വിശ്വാസ്യതയാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post