ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി പ്രകടനപത്രികയെ വിശ്വസിക്കരുതെന്ന് ഖാർഗെ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി നരേന്ദ്രമോദി സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നതും വിശ്വസിക്കരുത് എന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
‘മോദി കി ഗ്യാരന്റി’ എന്ന തലക്കെട്ടോടെ ആണ് ബിജെപി ഇന്ന് പ്രകടനപത്രികയായ സങ്കല്പ് പത്ര പുറത്തിറക്കിയിരുന്നത്. ഞായറാഴ്ച രാവിലെ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, മറ്റു മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.
സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി തുടരും, മുദ്രാ യോജന പദ്ധതിക്ക് കീഴിൽ നൽകുന്ന വായ്പ തുക 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കി ഉയർത്തും, ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ ട്രാൻസ്ജെൻഡർ സമൂഹത്തെ കൊണ്ടുവരും, രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും, സാമൂഹിക, ഭൗതിക, ഡിജിറ്റൽ രംഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തും തുടങ്ങിയവയാണ് ബിജെപി പ്രകടനപത്രികയിൽ നൽകുന്ന പ്രധാന വാഗ്ദാനങ്ങൾ.
Discussion about this post