മുംബെെ; ബാന്ദ്രയില്‍ നടൻ സൽമാൻഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റിന് നേരെയുണ്ടായ വെടിവെപ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സല്‍മാന്‍ ഖാനമായി സംസാരിച്ചു. കര്‍ശന സുരക്ഷ, അദ്ദേഹം നടന് ഉറപ്പ് നല്‍കിയതായാണ് വിവരം.
പിന്നാലെ വെടിവയ്പിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ബാഗ് ധരിച്ച് നടന്നു പോകുന്ന യുവാക്കളെയാണ് ചിത്രത്തിൽ കാണാനാകുന്നത്. അക്രമികൾ സഞ്ചരിച്ചിരുന്ന വാഹനം സൽമാന്റെ വീടിന്റെ ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് കണ്ടെത്തി. പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.
ഇന്ന് പുലർച്ചെയാണ് ബാന്ദ്രയിലെ താരത്തിന്റെ വീടിന് നേരെ അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ”നിർഭാഗ്യകരമായ സംഭവമാണ് നടന്നത്. പോലീസ് ഇക്കാര്യം വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഉടന്‍ പിടികൂടും, അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ല”- ഷിന്‍ഡെ പറഞ്ഞു.
അതേസമയം സൽമാൻ ഖാൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി, ആയുധ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം രണ്ട് അജ്ഞാതർക്കെതിരെ മെട്രോപൊളിറ്റൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നും സൽമാൻ ഖാന് നേരത്തെ തന്നെ വധഭീഷണി ഉണ്ടായിരുന്നു. കൂടാതെ മറ്റു ചില ഗുണ്ടാനേതാക്കളായ സമ്പത്ത് നെഹ്റ, കലാ ജാഥെഡി എന്നിവരും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇവരെച്ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post