തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ മൈസൂരുവിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, എറണാകുളം ഗസറ്റ് ഹൗസിലാണ് രാത്രി തങ്ങിയത്.
രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
പ്രധാനമന്ത്രിക്ക് ഇന്ന് തമിഴ്നാട്ടിലും പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.
Discussion about this post