ലക്‌നൗ: അവിഹിതമുണ്ടെന്ന് സംശയിച്ച് ഭർത്താവിന്റെ ശരീരത്തിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് ഭാര്യ. ആശിശ് റായി എന്ന യുവാവിനാണ് ഭാര്യയായ അമൃതയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റതിന് പിന്നാലെ ഭാര്യയുടെയും ബന്ധുക്കളുടെയും ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ടെറസിൽ നിന്നും തള്ളിയിട്ടു. യുവതിയുടെ പിതാവും സഹോദരനും ചേർന്നാണ് ആശിശിനെ ക്രൂരമായി മർദിക്കുകയും ടെറസിൽ നിന്നും തള്ളിയിടുകയും ചെയ്തത്. സംഭവത്തിൽ അമൃതയെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആശിശിനെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മഹർഷി ദേവ്രഹ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
അസുഖബാധിതനായ സഹോദരനെ കാണാനായി ആണ് ആശിശ് അമൃതയുടെ അഭ്യർത്ഥന പ്രകാരം അമൃതയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ യുവാവിനോട് അമൃത രാത്രി വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഉറങ്ങിക്കിടന്ന ആശിശിന്റെ ശരീരത്തിലേക്ക് അമൃത രാത്രി തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
ഓടാൻ ശ്രമിച്ചപ്പോൾ ഭാര്യാപിതാവ് മർദിച്ചു. തുടർന്ന് ഭാര്യയുടെ സഹോദരൻ തന്നെ ടെറസിൽ നിന്നും തള്ളിയിടുകയുമായിരുന്നെന്ന് ആശിശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.










